രാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ജനുവരി 27-ന് ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
ഒമാനിലെ നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ കമ്മിറ്റി ഈ യോഗത്തിൽ വിലയിരുത്തിയിരുന്നു. ഒമാനിൽ വീണ്ടും COVID-19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇത് പ്രകാരം ജനുവരി 28, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ താഴെ പറയുന്ന തരത്തിലുള്ള ചടങ്ങുകളെല്ലാം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്:
- പ്രാദേശികമായുള്ള പൊതു ചടങ്ങുകൾ.
- പൊതു പരിപാടികൾ.
- കായിക ഇനങ്ങൾ.
- എക്സിബിഷനുകൾ.
- അന്താരാഷ്ട്ര സമ്മേളനങ്ങൾ.
- ആളുകൾ വലിയ രീതിയിൽ ഒത്ത് ചേരാനിടയുള്ള പൊതു പരിപാടികൾ.
ഇതോടൊപ്പം കോളേജുകളും, യൂണിവേഴ്സിറ്റികളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന തീരുമാനം നീട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.