ഒമാൻ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചടങ്ങുകൾ 70 ശതമാനം ശേഷിയിൽ അനുവദിക്കും

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. 2022 ഫെബ്രുവരി 9-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ഇളവുകളാണ് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്:

  • പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും. അമ്പത് ശതമാനം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്ന രീതിയിൽ, മുൻകരുതൽ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഇത് നടപ്പിലാക്കുന്നത്. പള്ളികളിലെ അഞ്ച് നേരത്തെ പ്രാർത്ഥനകൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
  • സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെ എത്തുന്നതാണ്.
  • പൊതു ഹാളുകൾ 70 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നതിന് അനുമതി. ഇത്തരം ഹാളുകളിലേക്ക് പ്രവേശിക്കുന്നവർ COVID-19 വാക്സിനേഷൻ രേഖകൾ ഹാജരാക്കേണ്ടതാണ്.
  • പ്രാദേശികവും, അന്തർദേശീയവുമായ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയ്ക്ക് അനുമതി. ഇത്തരം വേദികളിൽ 70 ശതമാനം ശേഷിയിലാണ് ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
  • ഒമാനിലെ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ പഠനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകുന്നതാണ്.

രാജ്യത്തെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാൻ സ്ഥാപനങ്ങളോട് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, മറ്റു വാണിജ്യശാലകൾ എന്നിവയ്ക്കും ഇത് ബാധകമാണ്. സാംസ്‌കാരിക ചടങ്ങുകൾ, കായിക പരിപാടികൾ തുടങ്ങിയവ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിനും ഈ വ്യവസ്ഥ ബാധകമാണ്.

മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ പിന്തുടരാനും, ഒത്ത്ചേരലുകൾ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് എടുക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.