ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 15-ന് റിമോട്ട് ലേർണിംഗ്

Oman

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ 14-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാഷണൽ മൾട്ടി ഹസാഡ് ഏർലി വാർണിങ് സെന്ററിൽ നിന്നുള്ള നിർദ്ദേശത്തെത്തുടർന്നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒക്ടോബർ 15-ന് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം ഒഴിവാക്കാനും റിമോട്ട് ലേർണിംഗ് നടപ്പിലാക്കാനും തീരുമാനിച്ചത്.

മസ്‌ക്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, സൗത്ത് ബതീന, നോർത്ത് ബതീന, അൽ ബുറൈമി ഗവർണറേറ്റുകളിലും അൽ ദഹിറാഹ്, അൽ ദാഖിലിയ ഗവർണറേറ്റുകളുടെ പർവ്വത പ്രദേശങ്ങളിലുമാണ് ഈ തീരുമാനം ബാധകമാക്കുന്നത്.

2024 ഒക്ടോബർ 16, ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.