ഒമാൻ: ഉപയോഗിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കുന്നു

GCC News

ഉപയോഗിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. 2025 ഫെബ്രുവരി 5-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഉപയോഗിച്ച ഭക്ഷ്യ എണ്ണ, മോട്ടോർ ഓയിൽ, മറ്റു ഓയിലുകൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള എൻവിറോൺമെന്റൽ ലൈസൻസുകൾ, പെർമിറ്റുകൾ എന്നിവ താത്കാലികമായി നിർത്തലാക്കുന്നതിന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം 2025 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാനം ഉപയോഗിച്ച എണ്ണ കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്.

ഉപയോഗിച്ചതോ, പുതിയതോ ആയിട്ടുള്ള എല്ലാ തരം എണ്ണകളുടെയും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള ലാബുകളിൽ നിന്ന് അവരുടെ കയറ്റുമതി ചെയ്യുന്ന എണ്ണ ആവശ്യമായ ലാബ് പരിശോധനകൾക്ക് വിധേയമാക്കേണ്ടതാണ്.

ഇപ്രകാരമുള്ള എണ്ണയുടെ സാമ്പിളുകൾ പോർട്ടിൽ പരിശോധയ്ക്കായി സമർപ്പിച്ച ശേഷം മാത്രമാണ് അതിർത്തി കടത്തുന്നതിന് അനുമതി നല്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോഗിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിനായി അൽ വജ്ജഹ്‌, സലാല പോർട്ട്, സൊഹാർ പോർട്ട് എന്നീ തുറമുഖങ്ങളിലൂടെ മാത്രമാണ് അനുമതി നൽകുന്നത്. ഇവയിലൂടെ ദിനവും രാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ ഇത്തരം എണ്ണയുടെ കയറ്റുമതി അനുവദിച്ചിട്ടുണ്ട്.