ഒമാൻ: COVID-19 PCR പരിശോധനാ ഫലങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

GCC News

COVID-19 PCR പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഡിസംബർ 6, ഞായറാഴ്ച്ച ട്വിറ്ററിലൂടെയാണ് ഒമാൻ എയർപോർട്ട്സ് ഇക്കാര്യം അറിയിച്ചത്.

COVID-19 PCR പരിശോധനകൾ നടത്തിയിട്ടുള്ളവർക്ക് അതിന്റെ റിസൾട്ട് ഓൺലൈനിലൂടെ നേടാമെന്ന് ഒമാൻ എയർപോർട്ട്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. https://covid19.emushrif.om/ എന്ന വിലാസത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്.

മസ്കറ്റ്, സലാല വിമാനത്താവളങ്ങൾ, ഈ വിമാനത്താവളങ്ങളിലെ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ, അൽ ധര ബോർഡർ ചെക്പോയൻറ്, സൊഹാർ, മുസന്ദം, ദിബ്ബ, നിസ്‌വ, റുസൈൽ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിലെ പരിശോധനാ ഫലങ്ങൾ ഈ സംവിധാനത്തിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. പാസ്പോർട്ട്, ഐ ഡി വിവരങ്ങൾ, ജനനതീയ്യതി എന്നിവ ഉപയോഗിച്ച് ഈ ഓൺലൈൻ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി 6 റിയാൽ ചെലവ് വരുന്നതാണ്.

ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്ന COVID-19 ടെസ്റ്റ് റിസൾട്ടിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ സ്റ്റാമ്പ്, QR കോഡ് എന്നിവ റിസൾട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ സംവിധാനം ഉപയോഗിച്ച് ഇത്തരം റിസൾട്ട് ഡൌൺലോഡ് ചെയ്യുകയോ, പ്രിന്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.