അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 25, 26 തീയ്യതികളിൽ അവധി പ്രഖ്യാപിച്ചു. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബാ ഒവൈനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
“രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 25, ബുധനാഴ്ച്ച, നവംബർ 26, വ്യാഴാഴ്ച്ച എന്നീ ദിനങ്ങൾ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ഔദ്യോഗികമായി അവധി ദിനങ്ങളായിരിക്കും.”, അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ ജോലിചെയ്യുന്നതിന് തീരുമാനമെടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ, വാരാന്ത്യത്തിലെ ദിനങ്ങൾ കൂടി കണക്കിലെടുത്താൽ, തുടർച്ചയായി നാല് ദിനങ്ങൾ ദേശീയ ദിനത്തോടനുബന്ധിച്ച് അവധിയായി ലഭിക്കുന്നതാണ്. അവധിയ്ക്ക് ശേഷം നവംബർ 29, ഞായറാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതാണ്.