രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ തീരുമാന പ്രകാരം, ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും നിയമിക്കപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഇളവുകൾ അനുവദിക്കുന്നത്. താഴെ പറയുന്ന രീതിയിലാണ് പുതിയ വർക്ക്പെർമിറ്റുകളുടെയും, നിലവിലെ പെർമിറ്റുകൾ പുതുക്കുന്നതിന്റെയും ഫീ തുകകളിൽ ഇളവുകൾ നൽകുന്നത്:
- ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകും.
- സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകും.
ഓരോ സ്ഥാപനത്തിന്റെയും വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിലെ പ്രവാസി തൊഴിലാളികളുടെയും, ഒമാൻ പൗരന്മാരുടെയും അനുപാതം കണക്കിലെടുത്തായിരിക്കും സ്വദേശിവത്കരണ തോത് കണക്കിലാക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.