2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. മെയ് 2-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ‘2021/8’ എന്ന മന്ത്രിസഭാ ഉത്തരവ് ജൂലൈ 20 മുതൽ നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്. ഈ തീരുമാന പ്രകാരം ഒമാനിലെ ഷോപ്പിംഗ് മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും ജൂലൈ 20 മുതൽ താഴെ പറയുന്ന തൊഴിലുകൾ ഒമാൻ പൗരന്മാർക്കായി പരിമിതപ്പെടുത്തുന്നതാണ്.
- കസ്റ്റമർ കെയർ.
- കാഷ്യർ.
- കറൻസി എക്സ്ചേഞ്ച്.
- അഡ്മിനിസ്ട്രേഷൻ പദവികൾ.
- ഷെൽഫ് സ്റ്റാക്കർ (സാധനങ്ങൾ വ്യാപാരസ്ഥാപനങ്ങളിലെ ഷെൽഫുകളിൽ നിരത്തുന്ന തൊഴിൽ).
ഈ തീരുമാനം കർശനമായി നടപ്പിലാക്കാൻ മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരാമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇത്തരം തൊഴിലുകൾ ചെയ്യുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് നിലവിലെ കാലാവധി അവസാനിച്ച ശേഷം പുതുക്കി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.