രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഈ തീരുമാനത്തിന്റെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിലെ ഇത്തരം തൊഴിലുകളിലേക്ക് പ്രവാസി ജീവനക്കാരെ നിയമിക്കുന്നതിന് മിനിസ്ട്രി ഓഫ് ലേബർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 23-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2021 ജൂലൈ 20 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
ഈ തീരുമാന പ്രകാരം വാണിജ്യ കേന്ദ്രങ്ങളിലെ താഴെ പറയുന്ന തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.
- വിൽപ്പനയുമായി ബന്ധപ്പെട്ട തൊഴിലുകൾ.
- അക്കൗണ്ടിംഗ് പദവികൾ.
- കാഷ്യർ പദവി.
- മാനേജ്‌മന്റ് തൊഴിൽ പദവികൾ.
- വാണിജ്യ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിൽ വ്യാപാരത്തിനുള്ള സാധനങ്ങൾ അടുക്കിവെക്കുന്ന തൊഴിൽ പദവികൾ.
ഈ പദവികളിലേക്ക് ഒമാൻ പൗരമാർക്ക് മാത്രമായിരിക്കും ഇനി മുതൽ അവസരം നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇത്തരം പദവികളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ പെർമിറ്റുകൾ ഇനി മുതൽ പുതുക്കി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈ 20 മുതൽ നടപ്പിലാക്കുന്ന, ഈ തീരുമാനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉത്തരവ് നമ്പർ ‘8/2021’ കർശനമായി പാലിക്കാൻ രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളുടെ ഉടമകളോട് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.