COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ജനുവരി 12, ചൊവ്വാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധമായ അറിയിപ്പ് പുറത്തിറക്കിയത്.
ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്താനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, ഏതാനം പൗരന്മാരും, നിവാസികളും ക്വാറന്റീൻ നടപടികൾ ലംഘിക്കുന്നതായി സുപ്രീം കമ്മിറ്റി കണ്ടെത്തുകയായിരുന്നു.
ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതിന് മുൻപായി വീണ്ടും നടത്തേണ്ട COVID-19 ടെസ്റ്റുകൾ ഒഴിവാക്കുക, കാലാവധി അവസാനിക്കുന്നത് വരെ കൈകളിൽ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണങ്ങൾ സ്വയം ഊരിമാറ്റുക, ഇത്തരം ഉപകരണങ്ങൾ അധികൃതരെ തിരികെ ഏൽപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തുക മുതലായ ലംഘനങ്ങളാണ് സുപ്രീം കമ്മിറ്റി കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് ഇത്തരം ക്വാറന്റീൻ നിർദ്ദേശങ്ങളുടെ വീഴ്ച്ചകൾക്ക് 1000 റിയാൽ പിഴചുമത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.