രാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. 2024 ഓഗസ്റ്റ് 13-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ‘452/2024’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് അനുസരിച്ച് 13 തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഒമാൻ 6 മാസത്തെ താത്‌കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാനം 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്. ഏതാനം തൊഴിൽ പദവികളിലേക്ക് ഒമാൻ പൗരന്മാരെ നിയമിക്കുന്നതിന് മുൻഗണന നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന 13 തൊഴിലുകളിലാണ് വിദേശ തൊഴിലാളികൾക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഒമാൻ താത്കാലിക വിലക്കേർപ്പെടുത്തുന്നത്:
- കൺസ്ട്രക്ഷൻ വർക്കർ (ജനറൽ).
- ക്ലീനിങ് വർക്കർ (ജനറൽ ബിൽഡിങ്‌സ്).
- ലോഡിങ്, അൺലോഡിങ് വർക്കർ.
- ബ്രിക്ക് ലേയർ.
- സ്റ്റീൽ ഫിക്സർ.
- ടെയ്‌ലർ (സ്ത്രീകളുടെ വസ്ത്രങ്ങൾ).
- ടെയ്‌ലർ (പുരുഷന്മാരുടെ വസ്ത്രങ്ങൾ).
- ഇലെക്ട്രിഷൻ (ജനറൽ ഇലെക്ട്രിക്കൽ ഇൻസ്റ്റലേഷൻസ്)
- വെയ്റ്റർ.
- പെയ്‌ന്റർ.
- ഷെഫ് (ജനറൽ)
- ഇലെക്ട്രിഷൻ (ഹോം ഇൻസ്റ്റലേഷൻസ്)
- ബാർബർ.