രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ അധികൃതർ സ്ഥിരീകരിച്ചു. 2024 ജൂലൈ 28-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇത് സംന്ധിച്ച പുതിയ അറിയിപ്പ് നൽകിയത്.
’10/2016′ എന്ന രാജകീയ ഉത്തരവ് പ്രകാരമുള്ള ലാൻഡ് ട്രാൻസ്പോർട് ലോ, ഔദ്യോഗിക ഉത്തരവ് ‘235/2022’ എന്നിവ പ്രകാരം രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ 2024 സെപ്റ്റംബർ 1 മുതൽ 100% സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ കൈക്കൊള്ളുമെന്ന് ഒമാനിലെ എല്ലാ വലിപ്പത്തിലുള്ള ഇത്തരം ട്രക്ക് ഉടമകളെയും മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം റോഡുകളിലുള്ള ഇത്തരം ട്രക്കുകൾക്ക് മാത്രമായല്ല ബാധകമാക്കുന്നതെന്നും, വെയർഹൗസുകൾ, പാർക്കിംഗ് ഇടങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലും ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ സ്വദേശികളായിരിക്കണമെന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ കർശനമാക്കുന്നതിന് തീരുമാനിച്ചതായും ഈ തീരുമാനത്തിൽ വീഴ്ചകൾ വരുത്തുന്നവരെ കണ്ടെത്തുന്നതിനായി ലാൻഡ് ട്രാൻസ്പോർട് ഇൻസ്പെക്ടർമാർ റോഡുകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.