2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു. ഈ തീരുമാനം നിർബന്ധമാക്കുന്ന രാജ്യത്തെ നിലവിലുള്ള വാണിജ്യ മേഖലകളുടെ പട്ടികയും MoCIIP പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം 2022-ന്റെ തുടക്കം മുതൽ ഒമാനിൽ താഴെ പറയുന്ന വാണിജ്യ മേഖകളിലെത്തുന്ന ഉപഭോക്താക്കൾക്കായി ഇത്തരം സ്ഥാപനങ്ങൾ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതാണ്:
- വ്യാവസായിക മേഖലകൾ.
- വാണിജ്യ കേന്ദ്രങ്ങൾ.
- ഗിഫ്റ്റ് മാർക്കറ്റുകൾ.
- ഭക്ഷണ വില്പനശാലകൾ.
- സ്വർണ്ണം, വെള്ളി വില്പനശാലകൾ.
- റെസ്റ്ററന്റുകൾ, കഫെ.
- പഴം, പച്ചക്കറി വില്പനശാലകൾ.
- ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനശാലകൾ.
- കെട്ടിടനിർമ്മാണത്തിനായുള്ള ഉത്പന്നങ്ങളുടെ വില്പനശാലകൾ.
- പുകയില കച്ചവടം.
ഈ തീരുമാനം വിവിധ വകുപ്പുകളുമായി ചേർന്നാണ് അടുത്ത ജനുവരി മുതൽ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് MoCIIP വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഈ സേവനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന രീതിയിലാണ് രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കുന്നത് ലക്ഷ്യമിടുന്ന ഒമാൻ 2040 നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.