ഒമാൻ: 15 ദിവസത്തെ ലോക്ക്ഡൌൺ; ജൂലൈ 25 മുതൽ ചെക്ക്പോയിന്റുകൾ പുനഃസ്ഥാപിക്കാൻ തീരുമാനം

GCC News

ഒമാനിൽ ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ചെക്ക്പോയിന്റുകളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. മസ്‌കറ്റിലെ മത്ര, ഹംരിയ മുതലായ ഇടങ്ങളിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനുള്ള ചെക്ക്പോയിന്റുകൾക്ക് പുറമെ, മറ്റു പ്രധാന ചെക്ക്പോയിന്റുകളും പുനഃസ്ഥാപിക്കുന്നതാണ്.

ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊറോണാ വൈറസ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനെത്തുടർന്നാണ് ഗവർണറേറ്റുകൾക്കിടയിലെ വാഹനങ്ങളുടെയും, ജനങ്ങളുടെയും യാത്രകൾ നിയന്ത്രിക്കുന്നതിനായുള്ള ചെക്ക്പോയിന്റുകൾ തിരികെ ഏർപ്പെടുത്തുന്നത്.

ദാർസൈത് ഇന്റർസെക്ഷൻ, ഹമരിയ റൌണ്ട് എബൌട്ട്, ഒമാൻ ഹൗസിനു സമീപം എന്നിവിടങ്ങളിലാണ് മസ്കറ്റ് ഗവർണറേറ്റിലെ 3 പ്രധാന ചെക്ക്പോയിന്റുകൾ സ്ഥിതി ചെയ്യുന്നത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒത്തുകൂടുന്നതും, സന്ദർശനങ്ങൾ നടത്തുന്നതും തടയുന്നതിനും, രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഏതാനം ആഴ്ചകൾക്ക് മുൻപ് ഒഴിവാക്കിയ, ഗവർണറേറ്റുകൾക്കിടയിലെ ചെക്ക്പോയിന്റുകൾ, ഇപ്പോൾ ജൂലൈ 25 മുതൽ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്.