ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം

GCC News

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച സ്ഥിരീകരണം ഓഗസ്റ്റ് 31-ന് രാത്രി ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ നൽകിയിട്ടുണ്ട്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, 2021 സെപ്റ്റംബർ 1 മുതൽ ഒമാനിൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്:

  • സർക്കാർ സ്ഥാപനങ്ങൾ.
  • സ്വകാര്യ സ്ഥാപനങ്ങൾ.
  • ഷോപ്പിംഗ് മാളുകൾ.
  • റെസ്റ്ററന്റുകൾ.
  • മറ്റു വാണിജ്യ സ്ഥാപനങ്ങൾ.
  • സാംസ്‌കാരിക ചടങ്ങുകൾ, കായികവിനോദങ്ങൾ, മറ്റു കൂട്ടായ പ്രവർത്തനങ്ങൾ.

ഇത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട അധികാരികൾക്കായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതലയെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, 2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന വ്യവസ്ഥ ഏർപ്പെടുത്തുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

2021 സെപ്റ്റംബർ 1 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി ഓഗസ്റ്റ് 31-ന് വ്യക്തമാക്കിയിട്ടുണ്ട്.