ഒമാൻ: പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

Oman

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. COVID-19 വ്യാപനപശ്ചാത്തലത്തിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഒമാൻ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

സെപ്റ്റംബർ 1 മുതൽ എല്ലാ തരത്തിലുള്ള വിസകളും അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് പോലീസ് ആൻഡ് കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഐജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയാണ് അറിയിച്ചത്. 2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായും അദ്ദേഹം ഇതേ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.