2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ മാർച്ച് 1, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് രാത്രികാലങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് നിലവിൽ ഈ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ തീരുമാന പ്രകാരം, ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഈ രാത്രികാല വിലക്ക് ബാധകമാണ്. ഈ കാലയളവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്നത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനം. സൗത്ത് ആഫ്രിക്കയിൽ കണ്ട് വരുന്ന കൊറോണ വൈറസിന്റെ വകഭേദം ഒമാനിൽ സ്ഥിരീകരിച്ചതായും ഈ യോഗത്തിന് ശേഷം കമ്മിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
ഈ തീരുമാനത്തിന്റെ ഭാഗമായി ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണി വരെ ടൂറിസ്റ്റ് സംവിധാനങ്ങളിലെ റസ്റ്ററന്റുകൾ, കഫെ മുതലായവയ്ക്കും, ഹോം ഡെലിവറി സേവനങ്ങൾക്കും വിലക്കുകൾ ഏർപ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
ഇതിനു പുറമെ, മാർച്ച് 7 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ പൊതു വിദ്യാലയങ്ങളിൽ വിദൂര പഠനരീതി തുടരാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ വാണിജ്യപ്രവർത്തനങ്ങൾക്ക് കമ്മിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.