ഒമാൻ: മെയ് 8 മുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക്; രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതോടെ ഭക്ഷണസാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യവസ്തുക്കളുടെ വില്പനമേഖലകൾ ഒഴികെ മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും മെയ് 8 മുതൽ ഒമാനിൽ ഒരാഴ്ച്ചത്തേക്ക് പ്രവർത്തനവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മെയ് 2-ന് രാത്രിയാണ് ഒമാനിലെ സുപ്രീം കമ്മിറ്റി ഈ പുതിയ കർഫ്യു നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം ഒമാനിൽ താഴെ പറയുന്ന നിയന്ത്രണങ്ങളാണ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്:

  • ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2021 മെയ് 8, ശനിയാഴ്ച്ച വരെ രാജ്യത്തുടനീളം തുടരുന്നതാണ്.
  • 2021 മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 15 വരെയുള്ള കാലയളവിൽ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണി വരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. ഈ നിയന്ത്രണങ്ങൾ മെയ് 15 വരെയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
  • 2021 മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 15 വരെയുള്ള കാലയളവിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നതാണ്. ഭക്ഷണ വില്പനശാലകൾ, ഇന്ധനവില്പന കേന്ദ്രങ്ങൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ഫാർമസികൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമല്ല. ഇതോടൊപ്പം ഹോം ഡെലിവറി സേവനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇതോടൊപ്പം മെയ് 9 മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈദ് പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നതിന് വിലക്കേർപ്പെടുത്താനും, കുടുംബസംഗമങ്ങൾ ഉൾപ്പടെ എല്ലാത്തരം കൂടിച്ചേരലുകളും നിരോധിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.