ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സംശയകരമായ രീതിയിലുള്ള ഒരു പണമിടപാട് നടന്നതായും, അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുന്നതായും അറിയിച്ച് കൊണ്ടാണ് ഉപഭോക്താക്കൾക്ക് തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഈ വ്യാജ എസ് എം എസ് സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കുന്നതിനായി എസ് എം എസ് സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യാൻ ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നതായും, അതിനാൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം ലിങ്കുകളിൽ അടങ്ങിയിട്ടുള്ള വെബ്സൈറ്റുകൾ ഔദ്യോഗിക ബാങ്ക് വെബ്സൈറ്റുകളുടേതിന് സമാനമായ രീതിയിൽ ഔദ്യോഗിക മുദ്രകളും മറ്റും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതിനാൽ കബളിപ്പിക്കപ്പെടാതിരിക്കുന്നതിന് ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ ബാങ്ക് വിവരങ്ങൾ നൽകുന്ന പക്ഷം അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിനും, ബാങ്ക് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും വളരെയധികം സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.