ഒമാൻ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകി

Oman

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ഒമാൻ ജനറൽ ട്രാഫിക് വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മഴ മൂലം റോഡിൽ ഉണ്ടാകുന്ന വഴുക്കൽ, മൂടൽമഞ്ഞിന്റെ സാന്നിദ്ധ്യം, റോഡിലെ കാഴ്ച്ച മറയൽ മുതലായ സാഹചര്യങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി. ഇതിനാൽ വാഹനങ്ങൾ മിതമായ വേഗത്തിലും, ശ്രദ്ധയോടെയും മാത്രം കൈകാര്യം ചെയ്യാൻ ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു.

ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം ഉറപ്പ് വരുത്തണമെന്നും ട്രാഫിക് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റ് ലോ-ബീമിൽ പ്രവർത്തിപ്പിക്കാനും ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2023 ജനുവരി 24, ചൊവ്വാഴ്ച മുതൽ ഈ ആഴ്ച്ച അവസാനം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് ട്രാഫിക് വകുപ്പ് ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയത്.

Cover Image: Pixabay.