ഒമാൻ: പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; വിദേശികൾക്ക് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നിർബന്ധമാക്കി

featured GCC News

രാജ്യത്തെ COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 26-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് പ്രവേശനാനുമതി ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതാണ്. ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന തീരുമാനങ്ങളാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്:

  • വിദേശത്ത് നിന്നെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ രണ്ട് ഡോസ് നിർബന്ധമാണ്. ഒമാന്റെ എല്ലാ അതിർത്തികളിലൂടെ പ്രവേശിക്കുന്ന വിദേശികൾക്കും ഈ നിബന്ധന ബാധകമാണ്.
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
  • സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വത്തിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഈ തീരുമാനങ്ങൾ നിലവിൽ വന്നതായും 2022 ജനുവരി 31 വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി നിയന്ത്രിക്കാനുള്ള തീരുമാനം തുടരുമെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ സുരക്ഷാ നിബന്ധനകളും കർശനമായി തുടരാൻ സുപ്രീം കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യങ്ങൾ അറിയിച്ചത്.