വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയുട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. ഡിസംബർ 20-നാണ് ഒമാൻ CAA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:
- ഒമാനിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി മുഴുവൻ യാത്രികരും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- മുഴുവൻ യാത്രികരും https://covid19.emushrif.om/ എന്ന വിലാസത്തിൽ പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ് (Passenger Registration Card) നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഈ റെജിസ്ട്രേഷൻ ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് പൂർത്തിയാക്കേണ്ടതാണ്. യാത്രികർ ഇതിനൊപ്പം തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളായിരിക്കണം), നെഗറ്റീവ് PCR സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.
- ഒമാനിലെത്തിയ ശേഷം നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്ന് സൂചിപ്പിക്കുന്ന കറുത്ത വരകളോട് കൂടിയ ‘പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ്’ കൈവശമുള്ള യാത്രികർ വിമാനത്താവളത്തിലെ പാസ്സഞ്ചർ റെജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇവരുടെ പ്രവേശന, റെജിസ്ട്രേഷൻ നടപടികൾ ഈ കൗണ്ടറിൽ നിന്ന് പൂർത്തിയാക്കുന്നതാണ്.
- എല്ലാ നടപടികളും പൂർത്തിയാക്കിയതായി സൂചിപ്പിക്കുന്ന ‘പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ്’ കൈവശമുള്ള യാത്രികർക്ക് നേരിട്ട് പാസ്സ്‌പോർട്ട് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
- യാത്രികർ തങ്ങളുടെ കൈവശമുള്ള യാത്രാ രേഖകളെല്ലാം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് മുൻപിൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.