ഒമാൻ: വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള മേഖലകൾ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിപ്പ് നൽകി. 2023 ജൂൺ 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരത്തിൽ വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകളുടെ പട്ടിക മന്ത്രാലയം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ‘364/2023’ എന്ന ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ഒമാനിൽ താഴെ പറയുന്ന പ്രവർത്തന മേഖലകളിൽ വിദേശ നിക്ഷേപകരെ അനുവദിക്കുന്നതല്ല:

  • കോഴി, താറാവ് മുതലായ വളര്‍ത്തുപക്ഷികളെ വിരിയിച്ചെടുക്കുന്ന കേന്ദ്രങ്ങൾ. (വളരെ വലിയ ഉത്‌പാദന ശേഷിയുള്ള പദ്ധതികളിൽ ഇളവ് അനുവദിക്കുന്നതാണ്.)
  • തേനീച്ച വളർത്തൽ, തേൻ, മെഴുക് എന്നിവയുടെ ഉത്പാദനം.
  • കടലിലെ മത്സ്യബന്ധനം.
  • മാംസത്തിനായി കോഴി, താറാവ് മുതലായ വളര്‍ത്തുപക്ഷികൾ, മുയൽ, മറ്റു പക്ഷികൾ എന്നിവയെ കശാപ്പ്‌ ചെയ്യുന്ന കേന്ദ്രങ്ങൾ. (വളരെ വലിയ ഉത്‌പാദന ശേഷിയുള്ള പദ്ധതികളിൽ ഇളവ് അനുവദിക്കുന്നതാണ്.)
  • ഫോട്ടോകോപ്പി മെഷിൻ, കമ്പ്യൂട്ടർ, മറ്റു ഓഫീസ് മെഷിനുകൾ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ്ങ്.
  • ജലം വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ.
  • ക്രെയിനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
  • കെട്ടിട നിർമ്മാണ മേഖലയിൽ ആവശ്യമായ മെഷീനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
  • നിർമ്മിതികൾ തകർക്കുന്നതിന് ആവശ്യമായ മെഷീനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
  • കന്നുകാലികളുടെ വളർത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
  • മത്സ്യം, മറ്റു ജലജീവികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
  • മത്സ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
  • മാംസം, മാംസ ഉത്പന്നങ്ങൾ എന്നിവയുടെ ചില്ലറ വില്പന.
  • മത്സ്യം, മത്സ്യ ഉത്പന്നങ്ങൾ എന്നിവയുടെ ചില്ലറ വില്പന.
  • ഔഷധച്ചെടികളുടെയും മറ്റും ചില്ലറ വില്പന.
  • മരുന്നിനായി ഉപയോഗിക്കുന്ന ഔഷധച്ചെടികളുടെയും മറ്റും ചില്ലറ വില്പന.
  • പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെയും, അവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ചില്ലറ വില്പന.
  • വാഹനങ്ങൾ വടം കൊണ്ട് കെട്ടിവലിക്കുന്ന സേവനങ്ങൾ, ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
  • സ്ഥലക്കച്ചവടം, റിയൽ എസ്റ്റേറ്റ് മേഖല.
  • റെസിഡൻഷ്യൽ, നോൺ-റെസിഡൻഷ്യൽ ആവശ്യങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് വാടകയ്ക്ക് നൽകുന്നതും മറ്റു അനുബന്ധ പ്രവർത്തനങ്ങളും.
  • ബിൽഡിങ്ങ് മാനേജ്‌മന്റ്, പ്രോപ്പർട്ടി വാല്യൂവേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ.

മേൽപ്പറഞ്ഞ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള അവകാശം ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Oman News Agency.