രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു. ഒമാനിലെ ഫോറീനേഴ്‌സ് റെസിഡൻസ് നിയമത്തിലെ ഏതാനം വകുപ്പുകൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ‘234/2021’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ തീരുമാനങ്ങൾ പ്രകാരം, രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക്, ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാര പ്രകാരം, ഇൻവെസ്റ്റർ വിസ അനുവദിക്കുന്നതാണ്. ഇത്തരത്തിൽ നിക്ഷേപം നടത്തുന്ന വിദേശികളുടെ ജീവിത പങ്കാളികൾ, അടുത്ത കുടുംബാംഗങ്ങൾ എന്നിവർക്ക് റെസിഡൻസി വിസ അനുവദിക്കുന്നതാണ്.
ഇത്തരത്തിൽ അനുവദിക്കുന്ന വിസകൾ രാജ്യത്തെ നിയമങ്ങൾ പ്രകാരവും, നടപടിക്രമങ്ങൾ പാലിച്ച് കൊണ്ടും, നിശ്ചിത തുക അടച്ച് കൊണ്ട് മറ്റു വിസകളിലേക്ക് മാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇൻവെസ്റ്റർ വിസകൾക്ക് പ്രായപരിധി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ പങ്കാളികൾ, അടുത്ത കുടുംബാംഗങ്ങൾ എന്നവർക്ക് ഓരോ വർഷത്തേക്കും, പുതുക്കിനേടാവുന്ന രീതിയിലുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം വിസകൾ നേടുന്നവർക്ക് ഓരോ തവണയും ഒമാനിൽ പ്രവേശിച്ച ശേഷം 3 മാസം വരെ രാജ്യത്ത് തുടരാവുന്നതാണ്.
അതേസമയം, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുള്ള വിദേശികൾ ഇത്തരം പാർപ്പിടങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ, വിൽക്കുകയോ ചെയ്യുന്നതോടെ അവരുടെ ഇൻവെസ്റ്റർ റെസിഡൻസി സ്റ്റാറ്റസ് റദ്ദാകുന്നതാണ്. ഇവരുടെ ആശ്രിത വിസകളിലുള്ളവരുടെ വിസകളും റദ്ദാകുന്നതാണ്.
ഇൻവെസ്റ്റർ വിസ നിരക്കുകൾ:
- പത്ത് വർഷത്തെ ഇൻവെസ്റ്റർ വിസ – ഓരോ 3 വർഷത്തേക്കും 500 റിയാൽ.
- അഞ്ച് വർഷത്തെ ഇൻവെസ്റ്റർ വിസ – ഓരോ 3 വർഷത്തേക്കും 300 റിയാൽ.
മൾട്ടിപ്പിൾ വിസിറ്റ്, എൻട്രി വിസ നിരക്കുകൾ:
- പത്ത് വർഷത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസ – ഓരോ 3 വർഷത്തേക്കും 100 റിയാൽ.
- അഞ്ച് വർഷത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസ – ഓരോ 3 വർഷത്തേക്കും 50 റിയാൽ.