COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നേരിട്ട് ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി. കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിർദ്ദേശം.
ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും, കൂടുതൽ ജീവനക്കാർക്ക് വീടുകളിൽ നിന്ന് വിദൂര രീതിയിൽ തൊഴിലെടുക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ഒമാനിലെ സർക്കാർ മേഖലയിൽ 50% ജീവനക്കാർക്കാണ് ഓഫീസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോടും ഈ മാതൃക പിൻതുടരാൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏപ്രിൽ 8 മുതൽ റമദാൻ ആരംഭിക്കുന്നത് വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.