ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ റമദാനിലും തുടരുമെന്ന് സുപ്രീം കമ്മിറ്റി; എല്ലാത്തരം ഒത്ത് ചേരലുകൾക്കും വിലക്കേർപ്പെടുത്തും

featured GCC News

രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒമാനിലെ സുപ്രീം കമ്മിറ്റി ഏതാനം പുതിയ തീരുമാനങ്ങൾ പുറത്തിറക്കി. ഏപ്രിൽ 5-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.

രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് റമദാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഏപ്രിൽ 8 മുതൽ റമദാൻ ആരംഭിക്കുന്നത് വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് റമദാനിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത്. വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല വിലക്കുകൾ റമദാനിലും തുടരുന്നതാണ്.

താഴെ പറയുന്ന തീരുമാനങ്ങളാണ് സുപ്രീം കമ്മിറ്റി ഏപ്രിൽ 5-ന് അറിയിച്ചിരിക്കുന്നത്:

  • 2021 ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ രാത്രി 8 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകൾ ഒഴിവാക്കുന്നതാണ്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ തീരുമാനം ബാധകമാണ്. ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ രാത്രിസമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതാണ്. വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ തുടരുന്നതാണ്.
  • റമദാൻ ഒന്ന് മുതൽ റമദാൻ മാസത്തിലുടനീളം രാജ്യവ്യാപകമായി ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ യാത്രാ വിലക്കുകൾ തിരികെ ഏർപ്പെടുത്തുന്നതാണ്. റമദാൻ മാസത്തിൽ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
  • റമദാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം, ആളുകൾ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ എന്നിവ അനുവദിക്കുന്നതല്ല.
  • ആളുകൾ ഒത്ത്ചേരുന്ന രീതിയിലുള്ള എല്ലാ സാഹചര്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഇഫ്‌താർ സംഗമങ്ങൾ, റമദാൻ ടെന്റുകൾ എന്നിവ അനുവദിക്കില്ല.
  • റമദാനിലുടനീളം രാജ്യവ്യാപകമായി മുഴുവൻ സാമൂഹിക, കായിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും, ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തി.
  • 2021 ഏപ്രിൽ 8-ന് 12 PM മുതൽ ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നത്.