ബഹ്‌റൈൻ: ഒക്ടോബർ 31 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

featured GCC News

വിദേശത്ത് നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. 2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ തീരുമാന പ്രകാരം, ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് ഇത് തെളിയിക്കുന്ന QR കോഡ് അടങ്ങിയ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കൊണ്ട് ഒക്ടോബർ 31 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ https://healthalert.gov.bh/ എന്ന വിലാസത്തിൽ ലഭ്യമാണ്.

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശയെത്തുടർന്നാണ് ഈ തീരുമാനം. ഈ തീരുമാനത്തിന് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.