യാത്രാ നിയന്ത്രണങ്ങളാൽ രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ നിരവധിയാളുകളാണ് സന്ദർശക വിസകളിൽ എത്തിയ ശേഷം രാജ്യത്തു തുടരാൻ നിർബന്ധിതരായത്. ഇത്തരത്തിൽ രാജ്യത്ത് തുടരാനിടയായ സന്ദർശകരുടെ വിസ കാലാവധി റോയൽ ഒമാൻ പോലീസ് ജൂൺ 30 വരെ നേരത്തെ നീട്ടി നൽകിയിരുന്നു.
ജൂലൈ 1-നു ശേഷം രാജ്യത്ത് തുടരുന്ന സന്ദർശക, എക്സ്പ്രസ് വിസകളിൽ ഉള്ളവർക്ക് ROP-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കാലാവധി നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനായി വിസകൾ നീട്ടുന്നതിനുള്ള സാധാരണ നിരക്കുകൾ ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
COVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന, റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനായുള്ള ROP സേവനകേന്ദ്രങ്ങൾ, ജൂലൈ 1-നു സുരക്ഷാ മുൻകരുതലുകളോടെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നതാണ്.
സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് വിസ കാലാവധി നീട്ടിക്കിട്ടുന്നതിനു ROP സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തേണ്ടതില്ല എന്നും, ഓൺലൈനിലൂടെ ഈ സേവനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. റെസിഡൻസ് വിസ, തൊഴിൽ വിസ സംബന്ധമായ സേവനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ ജൂലൈ 1 മുതൽ സന്ദർശിക്കാവുന്നതാണ്. ഇത്തരം സേവനകേന്ദ്രങ്ങളിൽ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.