നിയമപ്രകാരം പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 15-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഈ മുന്നറിയിപ്പ് നൽകിയത്.
ഇത്തരം വ്യാജ വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ പെരുകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് കമ്പനികളുമായി ഇടപാടുകൾ നടത്തുന്ന പൗരന്മാരും, പ്രവാസികളും അത്തരം സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം കമ്പനികൾ ചൈനയിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ഔദ്യോഗിക രജിസ്ട്രേഷനോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി ഔദ്യോഗിക മാർഗങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ‘Tain Yan Chan’ ആപ്പ്, അല്ലെങ്കിൽ http://www.gsxt.gov.cn/ എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സേവനങ്ങൾ ചൈനീസിൽ മാത്രമാണ് ലഭ്യമെന്നും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി ഗൂഗിൾ ട്രാൻസലേറ്റ് സേവനം ഉപയോഗിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.