ഒമാൻ: ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured GCC News

ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.

മന്ത്രാലയത്തിന്റേതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ലിങ്കുകൾ ഉപയോഗിച്ച് കൊണ്ട് നടക്കുന്ന ഇത്തരം ഒരു ഓൺലൈൻ തട്ടിപ്പ് പദ്ധതി ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഓൺലൈൻ വാണിജ്യ ഇടപാടുകളെക്കുറിച്ചുളള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനെന്ന രൂപത്തിൽ നിർമ്മിച്ചിട്ടുള്ള വ്യാജ ലിങ്ക് അടങ്ങിയ ഈ സന്ദേശങ്ങൾ തുറക്കരുതെന്നും, പരിചയമില്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിചയമില്ലാത്ത ഓൺലൈൻ ഇടങ്ങളിൽ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

tejarah.gov@gmail.com എന്ന വ്യാജ ഇമെയിൽ വിലാസത്തിൽ നിന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് തട്ടിപ്പ് സംഘങ്ങൾ സന്ദേശങ്ങൾ അയക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയിച്ച് കൊണ്ടാണ് ഇവർ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ലക്ഷ്യമിട്ട് ഇത്തരം വ്യാജ സന്ദേശങ്ങൾ അയക്കുന്നത്.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് 80000070 എന്ന മന്ത്രാലയത്തിന്റെ കാൾ സെന്റർ നമ്പർ ഉപയോഗിച്ച് അധികൃതരെ ഈ വിവരം ധരിപ്പിക്കാവുന്നതാണ്.