ഒമാൻ: ഇ-കോമേഴ്‌സ് സൈറ്റുകളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

featured GCC News

ഇ-കോമേഴ്‌സ് സംവിധാനങ്ങളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2024 നവംബർ 13-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ മുന്നോടിയായാണ് മന്ത്രാലയം ഇത്തരം ഒരു മുന്നറിയിപ്പ് പുറത്തിറക്കിയത്. വാണിജ്യ ഉത്പന്നങ്ങളിൽ ഒമാൻ ദേശീയ ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവ കർശനമായ നിയന്ത്രണങ്ങളോടെ മാത്രമാണ് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

വാണിജ്യ ഉത്പന്നങ്ങളിൽ ഒമാൻ ദേശീയ ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ സ്റ്റോറുകളിൽ ഇ-കോമേഴ്‌സ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.