ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒമാൻ അധികൃതർ തീരുമാനിച്ചു. 2024 ജൂലൈ 14-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2025 ജനുവരി മുതൽ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകൾ പൂർണ്ണമായും ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിന്റെ ഭാഗമായാണിത്.
പ്രധാന മേഖലകളിൽ നിലവിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരമായി ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2025 ജനുവരി മുതൽ 2027 അവസാനം വരെയുള്ള കാലയളവിൽ വിവിധ മേഖലകളിലെ ഏതാനം തൊഴിൽ പദവികൾ പൂർണ്ണമായും ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കുന്നതാണ്.
ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ തൊഴിലുകളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഒരു നിശ്ചിത ശതമാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് നീക്കി വെക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത തൊഴിൽ പദവികളിലേക്ക് ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ മാർക്കറ്റ് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ചിട്ടുളള വർക്ക് പെർമിറ്റ് നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വർക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി പ്രവാസി ജീവനക്കാർക്ക് ഒരു പ്രൊഫഷണൽ ടെസ്റ്റ് നടത്തുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനങ്ങൾ തൊഴിലുടമകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.