സൗദി: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം

GCC News

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) വ്യക്തമാക്കി. TGA ഔദ്യോഗിക വക്താവ് സലേഹ് അൽ സുവൈദാണ് ഒക്ടോബർ 10-ന് വൈകീട്ട് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒക്ടോബർ 10-ന് നടന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിലാണ് സലേഹ് അൽ സുവൈദ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രം രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് TGA ഇത്തരം ഒരു സ്ഥിരീകരണം നൽകിയത്.

ഈ തീരുമാനം രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ തരം ഗതാഗത സംവിധാനങ്ങൾ, സ്‌കൂൾ ബസുകൾ, ടാക്സി, ട്രെയിൻ, ഫെറി എന്നിവയ്ക്ക് ബാധകമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ബസ്, ഫെറി, ട്രെയിൻ (ഇക്കോണമി ക്ലാസ്) എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഒക്ടോബർ 10, ഞായറാഴ്ച്ച രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.