സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തത നൽകിയിട്ടുണ്ട്. സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾക്ക് മാത്രമാണ് യാത്രാവിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്ന് ജവാസത് വ്യക്തമാക്കി.
പ്രവാസികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഓഗസ്റ്റ് 26-ന് രാത്രി ജവാസത് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും ജവാസത് കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള, സൗദിയിൽ നിന്നുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്ക് നിലവിൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് ജവാസത് വ്യക്തമാക്കി. ഒരു ഡോസ് കുത്തിവെപ്പ് സൗദിയിൽ നിന്നും, രണ്ടാം ഡോസ് വിദേശത്ത് നിന്നും സ്വീകരിച്ചിട്ടുള്ള റെസിഡൻസി വിസകളുള്ളവർക്കും നിലവിൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് ജവാസത് കൂട്ടിച്ചേർത്തു.
സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ ഒഴികെയുള്ള യാത്രികർ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് തിരികെ മടങ്ങുന്ന അവസരത്തിൽ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണെന്നും ജവാസത് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായി സൗദി GACA കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.