ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ്‌ ചാർത്തും

GCC News

മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF2020) സാഹിത്യാസ്വാദകർക്ക് 100-ൽ പരം അറബ്, വിദേശ എഴുത്തുകാരെ നേരിട്ട് കാണുന്നതിനും, സംവദിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഇതിനായി മേളയിൽ ഒരുക്കുന്ന പ്രത്യേക ബുക്ക് സൈനിങ്ങ് കോർണറിൽ ഇത്തവണ 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങൾ ഒപ്പിട്ട് നൽകുന്നതാണ്.

സുഡാനിൽ നിന്നുള്ള നോവലിസ്റ്റ് യൂസഫ് ഐദാബി, എമിറാത്തി എഴുത്തുകാരനായ ഹമദ് ബിൻ സറാബി, യു എ ഇയിൽ നിന്നുള്ള കവികളായ തലാൽ സലേം, ഹസ്സൻ അൽ നജ്ജാർ, ഷെയ്‌ഖ അൽ മുത്താരി, ഫാത്തിയ അൽ നിംർ മുതലായവർ ബുക്ക് സൈനിങ്ങ് കോർണറിൽ തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ്‌ ചാർത്തി നൽകുന്നതാണ്. ഇജിപ്ഷ്യൻ എഴുത്തുകാരൻ അബ്ദുൽ ഫതഹ് സബ്‌രി, സിറിയൻ എഴുത്തുകാരൻ ഇസ്ലാം അബുഷ്കിർ, ജോർദാനിൽ നിന്നുള്ള നോവലിസ്റ്റ് ആമിർ തഹ്ബൗബ് മുതലായവരും തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നതാണ്.

ഷാർജ എക്സ്പോ സെന്ററിൽ നവംബർ 4 മുതൽ 14 വരെ നടക്കുന്ന SIBF2020-ൽ, 73 രാജ്യങ്ങളിൽ നിന്നുള്ള 1024 പ്രസാധകർ പുറത്തിറക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള 80000-ത്തിൽ പരം പുസ്തകങ്ങളാണ് മേളയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്. ‘ദി വേൾഡ് റീഡ്‌സ് ഫ്രം ഷാർജ’ എന്ന ആശയം മുന്നോട്ട് വെക്കുന്ന ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

ദിനവും 4 വ്യത്യസ്ത സമയങ്ങളിലായാണ് സന്ദർശകർക്ക് മേളയിലേക്ക് പ്രവേശനം നൽകുന്നത്. https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്.

COVID-19 പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓൺലൈൻ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയുള്ള സമ്മിശ്ര രീതിയിലാണ് ഇത്തവണ മേള നടപ്പിലാക്കുന്നത്. ബുക്ക് സൈനിങ്ങ് കോർണർ ഉൾപ്പടെയുള്ള മേളയിലെ എല്ലാ പരിപാടികളും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പിലാക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) വ്യക്തമാക്കിയിട്ടുണ്ട്.