അയ്യായിരത്തിലധികം വാഹനങ്ങൾ സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിച്ചതായി ദുബായ് പോലീസ്

UAE

2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. എമിറേറ്റിൽ വിവിധ ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കായി പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് തങ്ങളുടെ വീടുകളിൽ തന്നെ സൂക്ഷിക്കാൻ അവസരം നൽകുന്നതിനാണ് ദുബായ് പോലീസ് സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ആരംഭിച്ചത്.

നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ പോലീസിന്റെ കീഴിലുള്ള പ്രത്യേക സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ വെക്കുന്നതിനു പകരം സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനത്തിലൂടെ വാഹന ഉടമകൾക്ക് പ്രത്യേക നിബന്ധനകളോടെ തങ്ങളുടെ വീടുകളിൽ സൂക്ഷിക്കാവുന്നതാണെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. 2018 മുതൽ ആരംഭിച്ച ഈ സംവിധാനത്തിലൂടെ വാഹന ഉടമകൾക്ക് തങ്ങളുടെ വില്ലകൾക്ക് പുറത്തോ, പാർക്കിംഗ് ഇടങ്ങളിലോ ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ അനുമതി ലഭിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ ഉടമകൾക്ക് സൂക്ഷിക്കുന്നതിന് അനുമതി നൽകുന്ന വാഹനങ്ങൾ, അവ പിടിച്ചെടുക്കപ്പെട്ട കാലാവധിയിൽ ഉപയോഗിക്കുന്നത് തടയുന്നതിനായി ദുബായ് പോലീസ് ഒരു പ്രത്യേക സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങളിൽ ഒരു ചെറിയ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കുന്നതിലൂടെ, വാഹനം ഉപയോഗിക്കുകയാണെങ്കിൽ ആ വിവരം ഉടൻ തന്നെ പോലീസ് കണ്ട്രോൾ റൂമിൽ ലഭിക്കുന്നതാണ്. അധികൃതർക്ക് ഈ വാഹനങ്ങളുടെ നീക്കം കൃത്യമായി കൺട്രോൾ റൂമിൽ ഇരുന്നുകൊണ്ട് തന്നെ മാപ്പിൽ നിരീക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 420 ദിർഹമാണ് സ്‍മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിക്കുന്നതിനായി ഈടാക്കുന്നത്.