ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. എമിറേറ്റിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും റമദാൻ 29 (മെയ് 11, ചൊവ്വാഴ്ച്ച) മുതൽ ശവ്വാൽ 3 (വെള്ളിയാഴ്ച്ച അല്ലെങ്കിൽ ശനിയാഴ്ച്ച) വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്.
ഈ സമയങ്ങളിൽ അബുദാബിയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും ITC അറിയിച്ചിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.
ഇതിന് പുറമെ ഈദ് അവധി ദിനങ്ങളിൽ ഡാർബ് ടോൾ ഒഴിവാക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. ഈദ് അവധി ദിനങ്ങൾക്ക് ശേഷം രാവിലെ 7 മുതൽ രാവിലെ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും (വെള്ളിയാഴ്ച്ചകളിൽ ഒഴികെ) ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത്തിനുള്ള ബസുകൾ അവധിദിനങ്ങളിലെ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്നും ITC അറിയിച്ചു. ഫെറി സേവനങ്ങൾ പ്രവർത്തിക്കുന്നതാണ്.
ITC-യുടെ കീഴിലുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ മെയ് 11 മുതൽ മെയ് 15 വരെ അവധിയായിരിക്കും. ഈദ് അവധിക്ക് ശേഷം ഈ കേന്ദ്രങ്ങൾ മെയ് 16 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ITC-യുടെ എല്ലാ സേവനങ്ങളും https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 80088888 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.
Photo: @ITCAbuDhabi