ഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും പാർക്കുകളിൽ കൈക്കൊണ്ടതായും, പൊതുജനാരോഗ്യത്തിന് ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
ഷാർജ നാഷണൽ പാർക്കിൽ രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം അനുവദിക്കുക. നഗരത്തിലെ മറ്റു പാർക്കുകളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കും. പാർക്കുകളിൽ എത്തുന്ന സന്ദർശകരുടെയും, പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഏതാനം നിർദ്ദേശങ്ങളും ഷാർജാ മുൻസിപ്പാലിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ സന്ദർശകർ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
- പാർക്കുകളിൽ ചെലവിടുന്ന മുഴുവൻ സമയവും സന്ദർശകർക്ക് മാസ്കുകൾ നിർബന്ധമാണ്.
- സന്ദർശകർ മറ്റുള്ളവരിൽ നിന്ന് 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കേണ്ടതാണ്.
- പരമാവധി അഞ്ച് പേർ വരെയുള്ള സംഘങ്ങൾക്ക് പ്രവേശിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കും. ഇവർ മറ്റുള്ളവരിൽ നിന്ന് 4 മീറ്റർ എങ്കിലും ദൂരം പാലിക്കേണ്ടതാണ്.
- 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനം നൽകുന്നതല്ല.