യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

UAE

COVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു എ ഇയിൽ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സാമൂഹിക അകലം ഉൾപ്പടെയുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമായാണ് പാസ്സ്‌പോർട്ട് സേവനങ്ങളിൽ അധികൃതർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

https://twitter.com/IndembAbuDhabi/status/1335927955369947136

ഇന്ത്യൻ എംബസി പുറത്തിറക്കിയ ഈ അറിയിപ്പ് പ്രകാരം പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ, നിലവിൽ പാസ്സ്‌പോർട്ട്/ റെസിഡൻസി വിസ കാലാവധി അവസാനിച്ചതോ, 2021 ജനുവരി 31-ന് മുൻപായി പാസ്സ്‌പോർട്ട്/ റെസിഡൻസി വിസ കാലാവധി അവസാനിക്കുന്നതോ ആയവരിൽ നിന്നുള്ള പാസ്സ്‌പോർട്ട് അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുന്നത്.
  • അടിയന്തിരമായ പാസ്സ്‌പോർട്ട് സേവനങ്ങൾ ആവശ്യമുള്ളവർ cons.abudhabi@mea.gov.in എന്ന വിലാസത്തിൽ ആവശ്യമായ സ്കാൻ ചെയ്‌ത രേഖകൾ, അടിയന്തിര സാഹചര്യത്തിന്റെ വിവരങ്ങൾ എന്നിവ അയക്കേണ്ടതാണ്. ഇത്തരം ഇ-മെയിലുകൾ പരിശോധിച്ച ശേഷം എംബസി അപേക്ഷകരെ തിരികെ ബന്ധപ്പെടുന്നതാണ്.

കൊറോണ വൈറസ് സാഹചര്യത്തിൽ ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാദ്ധ്യതകൾ പരമാവധി ഒഴിവാക്കാനും, BLS സേവനകേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമായി പാസ്സ്‌പോർട്ട് പുതുക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾക്ക് അപേക്ഷകൻ BLS സേവനകേന്ദ്രത്തിൽ നേരിട്ടെത്തുന്നതിന് പകരം കമ്പനിയുടെ പിആർഒ മുഖേന സേവനങ്ങൾക്ക് അപേക്ഷിക്കാൻ അനുമതി നൽകിയതായി എംബസി നേരത്തെ അറിയിച്ചിരുന്നു.