യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി ഭേദഗതി ചെയ്തതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂലൈ 22-ലെ അറിയിപ്പിൽ, ഇത് 72 മണിക്കൂറിനുള്ളിൽ ലഭിച്ച റിസൾട്ട് ആയിരിക്കണം എന്നായിരുന്നു NCEMA അറിയിച്ചിരുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ എല്ലാ യാത്രികർക്കും, COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കാൻ യു എ ഇ ജൂലൈ 22-നു തീരുമാനിച്ചിരുന്നു. യു എ ഇയിലെ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്ത് എത്തുന്ന എമിറാത്തി പൗരന്മാർ, റെസിഡന്റ് വിസക്കാർ, ടൂറിസ്റ്റുകൾ തുടങ്ങിയ എല്ലാ യാത്രികർക്കും, അവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങൾ കണക്കിലെടുക്കാതെ, യു എ ഇയിൽ എത്തുന്ന സമയത്തിന് മുൻപ്, 72 മണിക്കൂറിനുള്ളിൽ ലഭിച്ച, രോഗബാധയില്ലാ എന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നൽകേണ്ടതാണെന്ന് NCEMA-യും, വിദേശകാര്യ മന്ത്രാലയം (MOFAIC) ചേർന്ന് അറിയിച്ചിരുന്നു. ഈ കാലാവധിയാണ് ഇപ്പോൾ 96 മണിക്കൂറാക്കി നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ യാത്രകൾക്കായി ഉപയോഗിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾ ഔദ്യോഗികമായി അംഗീകരിച്ച ലാബുകളിൽ നിന്ന് ലഭിച്ചതായിരിക്കണം എന്നും NCEMA അറിയിച്ചിട്ടുണ്ട്. യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജൂലൈ 24 മുതൽ ഈ തീരുമാനം ബാധകമാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. https://screening.purehealth.ae/application എന്ന വിലാസത്തിൽ, ഓരോ രാജ്യങ്ങളിലുമുള്ള അംഗീകൃതമായ ടെസ്റ്റിംഗ് ലാബുകളുടെ വിവരങ്ങൾ ലഭ്യമാണ്.