യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും PCR ടെസ്റ്റ് നിർബന്ധമാക്കി

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ എല്ലാ യാത്രികർക്കും, COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി യു എ ഇ അറിയിച്ചു. യു എ ഇയിലെ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്ത് എത്തുന്ന എമിറാത്തി പൗരന്മാർ, റെസിഡന്റ് വിസക്കാർ, ടൂറിസ്റ്റുകൾ തുടങ്ങിയ എല്ലാ യാത്രികർക്കും, അവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങൾ കണക്കിലെടുക്കാതെ, ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രവേശിക്കുന്നവർ രോഗബാധയില്ലാ എന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നൽകേണ്ടതാണ്.

ജൂലൈ 22-നു നടന്ന പത്രസമ്മേളനത്തിൽ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരിയാണ്, NCEMA, വിദേശകാര്യ മന്ത്രാലയം (MOFAIC) എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ഈ തീരുമാനങ്ങൾ അറിയിച്ചത്. ഇത് പ്രകാരം യു എ ഇയിലെ വിമാനത്താവളങ്ങളിലൂടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യു.കെ, PCR പരിശോധന നിർബന്ധമാക്കിയ മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും യാത്രയ്ക്ക് മുന്നോടിയായി ടെസ്റ്റിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്നവർക്ക്, ഇപ്പോൾ നിലവിലുള്ള പരിശോധനാ നടപടികൾക്ക് തടസ്സം വരാത്ത രീതിയിൽ, മുൻകൂറായി ടെസ്റ്റിംഗ് ഏർപ്പെടുത്തുന്ന നടപടി ഓഗസ്റ്റ് 1-നു മുൻപായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത്തരത്തിൽ യാത്രകൾക്കായി ഉപയോഗിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾ ഔദ്യോഗികമായി അംഗീകരിച്ച ലാബുകളിൽ നിന്ന്, യു എ ഇയിൽ എത്തുന്ന സമയത്തിന് മുൻപ്, 72 മണിക്കൂറിനുള്ളിൽ ലഭിച്ചതായിരിക്കണം എന്നും സൈഫ് അൽ ദഹരി വ്യക്തമാക്കി. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായാണ് ഈ തീരുമാനമെന്നും, യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജൂലൈ 24 മുതൽ ഈ തീരുമാനം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. യു എ യിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. https://screening.purehealth.ae/application എന്ന വിലാസത്തിൽ, ഓരോ രാജ്യങ്ങളിലുമുള്ള അംഗീകൃതമായ ടെസ്റ്റിംഗ് ലാബുകളുടെ വിവരങ്ങൾ ലഭ്യമാണ്.