സൗദി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുൻ‌കൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു

featured GCC News

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിന് മുൻ‌കൂർ അനുമതികൾ ആവശ്യമില്ലെന്നും, ഇവർക്ക് രാജ്യത്തെമ്പാടുമുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 9, വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, മറ്റു വിഭാഗങ്ങളിൽ പെടുന്നവർ എത്രയും വേഗം വാക്സിൻ ലഭിക്കുന്നതിനുള്ള രെജിസ്ട്രേഷൻ നടപടികൾ ‘Sehhaty’ ആപ്പിലൂടെ പൂർത്തിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6 ദശലക്ഷം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. രാജ്യവ്യാപകമായി ഏതാണ്ട് 587 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സൗദിയിൽ പ്രവർത്തിക്കുന്നത്.