യു എ ഇ: പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും

featured GCC News

രാജ്യത്തെ പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം യു എ ഇയിൽ 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ നിയമ നിര്‍മ്മാണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും, യു എ ഇയുടെ അടുത്ത അമ്പത് വർഷത്തെ വളർച്ച ലക്ഷ്യമിട്ടുള്ള നയരൂപീകരണത്തിന്റെ ഭാഗമായുമാണ് ഈ പുതിയ വ്യക്തി നിയമം നടപ്പിലാക്കുന്നത്. ജനസംഖ്യാപരമായ വൈവിധ്യം, സഹിഷ്‌ണുത, കുടുംബബന്ധങ്ങളിലെ സ്ഥിരത എന്നിവയിൽ അധിഷ്ഠിതമായ രാജ്യം എന്ന യു എ ഇയുടെ സ്ഥാനം കൂടുതൽ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിയമം രുപീകരിച്ചിരിക്കുന്നത്.

ഈ നിയമത്തിലെ വ്യവസ്ഥകൾ യു എ ഇയിലെ പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക്, അവരുടെ മാതൃരാജ്യത്തെ വ്യക്തി നിയമങ്ങൾ പിന്തുടരാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിൽ, ബാധകമാക്കാവുന്നതാണ്. കുടുംബബന്ധങ്ങൾ, പേർസണൽ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട് യു എ ഇയിലെ തന്നെ നിലവിലുള്ള മറ്റേതങ്കിലും വ്യക്തി നിയമങ്ങൾ പിന്തുടരുന്നതിനും ഇവർക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്.

യു എ ഇ കോടതികളിൽ നടക്കുന്ന വിവാഹ കരാറുകൾ, അവയുടെ രജിസ്‌ട്രേഷൻ മുതലായവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം ഇതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവാഹ മോചനങ്ങൾ, വിവാഹ മോചനത്തിന് ശേഷമുള്ള സാമ്പത്തിക അവകാശങ്ങളിലെ തീർപ്പുകൾ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകൾ, പിതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, വിൽപത്രം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളെല്ലാം ഈ പുതിയ വ്യക്തിനിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

WAM