1947 ഓഗസ്റ്റ് 15, പുലരിയോടൊപ്പം സ്വാതന്ത്ര്യത്തിൻറെ പൊൻകിരണങ്ങൾ കൂടി കണികണ്ടാണ് ഓരോ ഭാരതീയനും അന്ന് ജീവിതത്തിലേയ്ക്ക് ഉണർന്നത്. “ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” എന്ന വള്ളത്തോൾ വരികളിൽ ഒളിഞ്ഞിരിപ്പുണ്ട് പാരതന്ത്ര്യത്തിന്റെ വൈഷമ്യം നിറഞ്ഞ അവസ്ഥ. പലപ്പോഴും പാരതന്ത്ര്യത്തെ അടച്ചിട്ട കാരാഗ്രഹങ്ങളുമായി മാത്രം ഉപമിക്കുമ്പോൾ, അടിമത്വം എന്ന അവസ്ഥയിൽ അവനവൻ അവനവനെ തളച്ചിടുന്ന അവസ്ഥയെയും സ്വാതന്ത്ര്യമില്ലായ്മയായി കണക്കാക്കാം എന്നതാണ് യാഥാർഥ്യം. അക്കരെ നിന്നും വന്ന വെള്ളക്കാരനിൽ നിന്നും കരക്കാരന്റെ അടിമത്വത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ നാം ഓർക്കേണ്ടുന്ന ഒരു സൂത്രവാക്യമുണ്ട് “സ്വാതന്ത്ര്യം എന്നത് ഓരോ ഭാരതീയ പൗരന്റെയും ജന്മാവകാശമാണ്.”
എന്നാൽ പലപ്പോഴും സ്വാതന്ത്ര്യത്തെ അവനവന്റെ സൗകര്യങ്ങൾക്ക് വേണ്ടി വ്യാഖ്യാനിക്കുന്നത് നമ്മൾ ഇന്ന് കണ്ടുവരുന്നു. എഴുത്തുപ്രതലങ്ങളിലും, വായനാമുറികളിലും വരെ സ്വാതന്ത്ര്യത്തെ അവനവന്റേതാക്കി നിർവ്വചിക്കുകയും തമ്മിൽ തമ്മിലുള്ള ആശയ വ്യത്യാസങ്ങളെ അവനവന്റെ സ്വാതന്ത്ര്യമായി അവതരിപ്പിക്കുന്നതിൽ ഉടലെടുക്കുന്നത് അപകടകരമായ ഭിന്നതകളാണ്. ഇന്ത്യൻ ഭരണഘടനയുടെ 19-ആം വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മൗലികമായ അവകാശങ്ങൾ ഉറപ്പു നല്കുന്നു. ഇതിൽ 19(1) (a) “അഭിപ്രായസ്വാതന്ത്ര്യം” പൗരൻമാർക്ക് ഉറപ്പു നല്കുന്നതാണ്. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം അനിയന്ത്രിതമായ ഒന്നല്ല; മറ്റു മൗലികാവകാശങ്ങളെപ്പോലെ ഇതും നിയന്ത്രണവിധേയമാണ്. അനിയന്ത്രിതമോ പരിധിയില്ലാത്തതോ ആയ അവകാശം ഭരണഘടന ആർക്കും നല്കുന്നില്ല. ഭരണഘടനയുടെ 19(2) മുതൽ (6) വരെയുള്ള ഉപവകുപ്പുകൾ മൗലികാവകാശങ്ങളുടെ നിയന്ത്രണങ്ങളുടെ സ്വഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നവയാണ്.
വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം, ആരോഗ്യം, സഹവർത്തിത്വം എന്നീ സാമൂഹിക മൂല്യങ്ങളിൽ നിലയുറപ്പിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ ഒരു ദേശത്തിന് ഗുണം ചെയ്യുന്നവയാണ്. അന്യദേശങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തരാകേണ്ടതിലുള്ള പ്രാധാന്യം ഏറ്റവുമധികം മനസ്സിലാക്കിയ ഒരു കാലയളവിലാണ് നാം ഈ വിഷയവും പങ്കിടുന്നത്. ജാതി, മതം, വർണ്ണം, വർഗ്ഗം, ഭാഷ എന്നീ വിഷയങ്ങളിൽ ഊന്നി പറയുന്ന സ്വാതന്ത്ര്യ ഭാഷകൾ പലപ്പോഴും മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തിന് വിഘാതമായി നിൽക്കുന്നതായാണ് കണ്ടുവരുന്നത്. പറയുന്നവന്റെ മാത്രം സ്വാതന്ത്ര്യമാകുമ്പോൾ കേൾക്കുന്നവൻ അക്ഷരാർത്ഥത്തിൽ സ്വബുദ്ധിയെ അടിയറവ് വയ്ക്കുന്നത് കാണാൻ കഴിയും. പക്ഷാപക്ഷങ്ങൾ തിരിഞ്ഞു സംസാരം ഘനപ്പെടുമ്പോൾ ഇല്ലാതാവുന്നത് നമ്മുടെ ഏകത്വമെന്ന ഊർജ്ജമാണ്.
സ്വാർത്ഥതയുടെ വലിയ ശബ്ദത്തേക്കാൾ, ബുദ്ധിയുള്ളവന്റെ കേൾവിശക്തിയ്ക്ക് പ്രാധാന്യമേറിവരുന്ന കാലത്തിലൂടെയാണ് നമ്മളിൽ ഓരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആവശ്യമുള്ളത് കേൾക്കുകയും, അനാവശ്യത്തോട് ചെവിയടയ്ക്കുകയും ചെയ്യുന്ന പുതിയ സാമൂഹിക ഊർജ്ജത്തിലേയ്ക്ക് പൊതുസമൂഹം ഉയർന്നു വരേണ്ടത് അനിവാര്യമാണ്. ത്രസിപ്പിക്കുന്ന വാർത്തകളും, അതിലെ പതിരും, നിലനില്പ്പിനായി സ്വതന്ത്ര പത്രപ്രവർത്തനം പോലും മറന്ന് കാണുന്നവന്റെ പ്രീതിയ്ക്ക് വേണ്ടി വാർത്തയൊരുക്കേണ്ടിവരുന്ന അടിമത്വത്തിനും മാറ്റം വരേണ്ടിയിരിക്കുന്നു. അവതരണ മികവിലൂടെ വാർത്തകളും അന്തിചർച്ചകളും നാടക സമാനമാകുമ്പോൾ കാണുന്നവൻ വൈകാരിക വിക്ഷോഭങ്ങൾക്കും, താനും പ്രതികരിക്കേണ്ടവനാണ് എന്നും തെറ്റിദ്ധരിക്കപ്പെടുന്നു. വികാരങ്ങൾക്ക് മുൻപിൽ അടിമപ്പെട്ട് ആളുകൾ തമ്മിൽ മാനസിക അകൽച്ചകളുണ്ടാകുന്നത് ലാഭപൊയ്ത്തിനിറങ്ങുന്ന ഓരോ മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
സത്യം എപ്പോഴും ഉറക്കെ പറയണമെന്നില്ല, കളവു പറയുന്നതിന്റെ ശബ്ദം കുറയ്ച്ചാൽ സത്യം എന്ന ചെറു ശബ്ദവും കേൾക്കാൻ കഴിയും എന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ…