ഒരു പ്രശ്നം വരുമ്പോൾ അതിനെ പ്രായോഗികതകൊണ്ടല്ലാതെ വികാരവിക്ഷോഭങ്ങൾ കൊണ്ട് നേരിടാൻ ശ്രമിക്കുന്ന നമ്മൾ മലയാളികൾ ബ്രഹ്മപുരത്തെ പുകയുടെ കാര്യത്തിലും അക്കഥ തുടരുന്നു. മാലിന്യ നിർമ്മാർജനം, സംസ്കരണം എന്നിവ കോടികൾ എഴുതിത്തള്ളാനുള്ള വാക്കുകളായി കടലാസുകളിൽ അന്തിയുറങ്ങുന്നു. വിഷയത്തിൻറെ പ്രാധാന്യം കുറയ്ച്ചുകൊണ്ട് പറയുന്നതല്ല, എങ്കിലും പറയട്ടെ ഇതെല്ലാം പരിഹരിക്കണമെന്നുണ്ടെങ്കിൽ നമ്മൾ മനുഷ്യർ തന്നെ മാറിചിന്തിക്കേണ്ടിയിരിക്കുന്നു.
എന്നും അവനവൻറെ വീടും പുരയിടവും വൃത്തിയായി സൂക്ഷിക്കുന്ന പരിഷ്കൃത മലയാളി ഒഴിഞ്ഞ പറമ്പുകളിൽ അവനവന്റെ പുരയിടത്തിലെ മാലിന്യം സൗകര്യപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നു. അങ്ങിനെ ഒന്ന് രണ്ടായി, രണ്ട് നാലായി ഇന്ന് മാലിന്യകൂമ്പാരങ്ങൾ നാട്ടിൽ നിറയുന്നു. വായു മലിനമാകുന്നത്ത് കൊച്ചിയിൽ മാത്രമായിരിക്കില്ല, ഇത് വളരെയേറെ ദൂരവ്യാപകമായി പരക്കാവുന്ന ഒരു വിപത്താണെന്ന് ഇന്ന് നാമേവരും ഓർക്കേണ്ടതാണ്.
ശാസ്ത്രീയവും, പ്രായോഗികവുമായ പഠനത്തിലൂടെ മാത്രമേ നമുക്ക് ഈ വർദ്ധിച്ചുവരുന്ന ഭീഷണിയെ നേരിടാനാകൂ. അതിനായി ചില കണക്കുകൾ ശ്രദ്ധിക്കാം. ഒരു വർഷം കേരളം ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിൻറെ തോത് ഏകദേശം 25 ലക്ഷം ടൺ ആണെന്നതാണ് സർക്കാർ പുറത്തിറക്കിയ “ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ സുസ്ഥിര ശുചിത്വത്തിലേയ്ക്ക് കേരളം” എന്ന ലേഖനത്തിൽ പറയുന്നത്. അതിൽ തന്നെ 69 % ജൈവവും, 31% അജൈവമാലിന്യവുമായി വേർതിരിച്ചിരിക്കുന്നു. ജൈവമാലിന്യത്തിൽ 70% ഈർപ്പമുള്ളതും, അജൈവത്തിലാകട്ടെ 79.2% അതീവ ജ്വലന സാധ്യതയുള്ളതാണെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾ കത്തി പടരുന്നതിൽ അജൈവമാലിന്യമാകാം കൂടുതൽ എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്.
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ റിപ്പോർട്ട് പ്രകാരം മറ്റൊരു കണക്കിങ്ങിനെയാണ്; വർഷത്തിൽ നമ്മുടെ കേരളത്തിലെ നഗര ഖരമാലിന്യ ഉത്പ്പാദനം ഏകദേശം 3.7 ദശലക്ഷം ടൺ ആണ്. ദിനംപ്രതി ഒരു ശരാശരി സിറ്റി കോർപറേഷൻ പുറന്തള്ളുന്നത്ത് 1415 ടൺ ഖരമാലിന്യമെന്ന കണക്കും നമുക്ക് മുന്നിലുണ്ട്. അതിൽ വർഷത്തിൽ ഉത്പാദിക്കപെടുന്ന അറവു മാലിന്യം മാത്രം 38100 ടൺ എന്നും, ആശുപത്രി മാലിന്യം (മെഡിക്കൽ വേസ്റ്റ് ഉൾപ്പടെ) 83000 ടണ്ണും, വ്യവസായശാലകളിലേത് 71058 ടണ്ണും എന്തിനേറെ പറയുന്നു തലമുടി മാലിന്യം മാത്രം 827 ടൺ ആണെന്നും ഈ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2030 ആവുമ്പോളേക്കും 90% കേരളീയ നാടുകളും നഗരവൽക്കരിക്കപ്പെടും എന്ന വികസനത്തിന്റെ തിളക്കം മങ്ങാൻ ഇത്തരം കണക്കുകൾ നാൾക്കുനാൾ കൂടുന്നത് കാരണമായേക്കാം.
ഈ കണക്കുകൾ ഇവിടെ വിശദീകരിച്ചത് മറ്റൊന്നും കൊണ്ടല്ല, പലപ്പോഴും ഇത്തരം പഠന റിപ്പോർട്ടുകൾ വെളിച്ചംകാണാറില്ല എന്നതാണ് സത്യം; ഇവയുടെ മേൽ ചർച്ചകളോ, ക്രിയാത്മകമായ നടപടികളോ കാണാറില്ലെന്നതും മറ്റൊരു വാസ്തവം. നമുക്ക് ഇതിന് പരിഹാരത്തിനായി പഠന സെല്ലുകൾ ഉണ്ടാക്കേണ്ടതുണ്ട്.
അതിൽ സൂക്ഷ്മ മാറ്റ പ്രക്രിയ അടിസ്ഥാനപ്പെടുത്തിവേണം മാലിന്യ സംസ്കരണത്തെ സമീപിക്കേണ്ടതെന്ന് ഓർമ്മിപ്പിക്കട്ടെ. എന്താണ് സൂക്ഷ്മ മാറ്റ പ്രക്രിയ (മൈക്രോ ചേഞ്ച് മെത്തേഡ്), എവിടെ നിന്നാണ് മാലിന്യങ്ങൾ ഉണ്ടാകുന്നത് എന്നത് പരിശോധിക്കലാണ് ആദ്യ കടമ്പ. നമ്മുടെ ഓരോ വീടുകളും, ഓരോ വ്യക്തികളും ആണ് ഈ ഘട്ടത്തിൽ പഠന ബോധവത്കരണ വിധേയരാവേണ്ടത്. ഒരു വീട്ടിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളെ, തരംതിരിക്കേണ്ട ഉത്തരവാദിത്തം ഓരോ വീടിന്റെയും ആണെന്ന് നാം പ്രതിജ്ഞാബദ്ധരായി വിശ്വസിക്കണം. വീട്ടിൽ നിന്നും പുറംതള്ളുന്ന എൽ ഇ ഡി ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, ബാറ്ററികൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലുകുപ്പികൾ, അവയുടെ ലോഹംകൊണ്ടുള്ള അടപ്പുകളും, പ്ലാസ്റ്റിക് അടപ്പുകളും വേർത്തിരിച്ചവ, കടലാസുകൾ, കാർഡ്ബോർഡ് പെട്ടികൾ, മരച്ചീളുകൾ, അടുക്കള മാലിന്യങ്ങൾ, കഴിഞ്ഞ പെയിന്റ് ഡബ്ബകൾ എന്നിവ വേർതിരിച്ച് ഹരിത കർമ്മ സേന പോലുള്ള സംവിധാനങ്ങളോട് സഹകരിച്ച് നാട്ടിൻപുറങ്ങളിലായാലും, നഗരപ്രദേശവാസിയായാലും, നമ്മുടെ നിലനിൽപ്പിന് വേണ്ടിയാണ് ഈ ഉദ്യമം എന്ന പരസ്പ്പര ബോദ്ധ്യത്തോടെ വേണം നമ്മൾ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ. രാഷ്ട്രീയ നിറ വ്യത്യാസങ്ങൾ ഈ പ്രശ്നങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും അനിവാര്യമാണ്.
കേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നത് നഗരവല്ക്കരണ വേഗത കൂടിയ നമ്മുടെ സംസ്ഥാനത്ത് പ്രായോഗികമല്ല; മാലിന്യ സംഭരണം എന്നത് നമ്മൾ വീടുകളിൽ എത്രനാൾ സഹിച്ച് വയ്ക്കും, അത്രയും നാൾ മാത്രമേ ഭൂമിയിലും കെട്ടിക്കിടക്കാൻ നിർവാഹമുള്ളൂ. നമ്മുടെ മൂക്കിൽ ദുർഗന്ധം വരുമ്പോൾ മാത്രം ദുർഗന്ധത്തെക്കുറിച്ചോർക്കാതെ, ഇതിനുള്ള പോംവഴി ഇന്നുമുതൽ ഓരോ വീടുകളും ചിന്തിച്ചു തുടങ്ങേണ്ട ഒന്നാണെന്ന് ഓർത്താൽ നന്ന്.
… നിലവിലുള്ള ഭ്രമിപ്പിക്കുന്ന കോടികളുടെ മൂല്യമുള്ള പദ്ധതികളുടെ നിഷ്ഫലത്വം നമുക്ക് മുൻപിൽ ഓരോ ദുരന്തങ്ങളും അനാവരണം ചെയ്യുമ്പോഴും, യാതൊരു മാറ്റവുമില്ലാത്ത നൈമിഷികമായ വൈകാരിക തലങ്ങളിലൂടെ മാത്രം നമ്മൾ എല്ലാ വിഷയങ്ങളെയും ചർച്ച ചെയ്യുന്നു. എന്നും ദുരിതങ്ങൾ പേറേണ്ടി വരുന്നത് സാധാരണക്കാരായ പൊതുജനം മാത്രമാണെന്ന വസ്തുത യാതൊരു മാറ്റവുമില്ലാതെ തുടരുന്നു …