നാടെങ്ങും മഹാമാരിയുടെയും, പ്രകൃതിക്ഷോഭത്തിന്റെയും പിടിയിൽ അകപ്പെട്ടിരിക്കുമ്പോളും, നാടിന്റെ സുരക്ഷയ്ക്കായി കനത്ത മഴയും, കാറ്റും, കൊറോണ വൈറസ് രോഗബാധയുടെ സാധ്യതയേയും അവഗണിച്ച് നമുക്കായി കാവൽ നിൽക്കുന്ന പൊലീസുകാരെ നമ്മളിൽ ഒരാളായി കാണേണ്ടതിന്റെ പ്രാധാന്യമാണ് ഇന്ന് പങ്കുവയ്ക്കുന്നത്. COVID-19 രോഗവ്യാപനം അതിതീവ്രമായി നമ്മുടെ സമൂഹത്തിൽ തുടരുന്ന ഈ സാഹചര്യത്തിൽ, ഈ മഹാമാരിയുടെ വ്യാപനത്തിന് തടയിടുന്നതിനുള്ള ചുമതലാ ബോധം നമ്മളിൽ ഓരോരുത്തർക്കും ഉണ്ടാകണം.
ഇതിനായി ആദ്യം നാം ചിന്തിക്കേണ്ടത് എന്ത് കൊണ്ട് നമ്മുടെ പോലീസുകാർ ഈ കാറ്റിലും, മഴയിലും, അത്യന്തം അപകടകരമായ സാഹചര്യങ്ങളിലും ലോക്ക്ഡൌൺ പരിശോധനകൾക്കായി റോഡുകളിൽ തുടരേണ്ടി വരുന്നു എന്നതിനെക്കുറിച്ചാണ്. നമ്മൾ വീടുകളിലും, സുരക്ഷിതമായ ഇടങ്ങളിലും തുടരാൻ, അവർ അപകട സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് ആവർത്തിക്കുന്നത് നമ്മുടെ സുരക്ഷ മുൻനിർത്തിയാണെന്ന് ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ പ്രബുദ്ധത എന്ന വാക്കിന് എന്ത് പ്രസക്തി എന്ന് ഓരോരുത്തരും സ്വയം ഒന്ന് ആലോചിക്കുക.
സമൂഹം ലോക്ക്ഡൌൺ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി രാപ്പകൽ വ്യത്യാസമില്ലാതെ ജനസേവനത്തിന് ഇറങ്ങി തിരിക്കേണ്ടിവരുന്ന പോലീസുകാരും നമ്മളെപോലെ മനുഷ്യരാണെന്ന് നാം എന്നാണ് തിരിച്ചറിയുക? അന്നന്നത്തെ ജീവിതം കൂട്ടിമുട്ടിക്കാൻ ലോക്ക് ഡൌൺ സാഹചര്യത്തിലും പുറത്തിറങ്ങേണ്ടി വരുന്നവരെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്. മറിച്ച് സത്യവാങ്ങ്മൂലത്തിൽ കളവ് എഴുതി, കൊറോണാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും മറ്റും ഔചിത്യമില്ലാതെ അനാവശ്യമായി പുറത്തിറങ്ങി, ഔദ്യോഗിക കൃത്യനിർവഹണത്തിനായി നിലകൊള്ളുന്ന പോലീസിനെ വട്ടംകറക്കുന്ന പ്രബുദ്ധ മലയാളികളെക്കുറിച്ചാണ്. ഓർക്കുക, പോലീസുകാരും നിങ്ങളെപ്പോലെ മനുഷ്യരാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനു ശേഷം വീട്ടിലെത്തുമ്പോൾ അവരെ കാത്തും ഒരു കുടുംബം ഇരിപ്പുണ്ട്.
അതിസാമർഥ്യം കാണിക്കേണ്ട സമയമല്ല ഇത് എന്ന് പൊതു സമൂഹത്തിലെ ഓരോരുത്തരും ഓർക്കേണ്ട സാഹചര്യമാണിത്. നിസ്സാരമായി നാം കരുതിയിരുന്ന വൈറസ് നമ്മുടെ തൊട്ടരികിലെത്തി മരണത്തിന്റെ നിഴൽ പരത്തുന്ന ഈ അവസരത്തിലെങ്കിലും ഒരു സമൂഹം എന്ന രീതിയിൽ നാം നമ്മുടെ പ്രബുദ്ധത മറ്റുള്ളവർക്കായി എടുത്ത് കാട്ടേണ്ടതുണ്ട്. പോലീസ് പറയുന്ന നിർദ്ദേശങ്ങൾ നമ്മൾ എന്ന ജനങ്ങളുടെ സുരക്ഷയ്ക്കാണ് എന്ന പൊതുബോധ്യം നമ്മളിലുണ്ടാവേണ്ടത് അനിവാര്യമാണ്.
വെയിലും, മഴയും, മഹാവ്യാധിയും, പൊതുജനങ്ങളുടെ പുച്ഛവും വകവയ്ക്കാതെ ജനസുരക്ഷയ്ക്കായി കാവൽ നിൽക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും മനസ്സിന്റെ അകത്തട്ടിൽ നിന്നും ഒരായിരം നന്ദി അർപ്പിക്കുന്നു…