ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തിന്റെ വിവിധ പ്രവേശനകവാടങ്ങളിലെ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoPH) ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് ഈ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ലെങ്കിലും, യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും, കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ രജിസ്‌ട്രേഷൻ സഹായിക്കുമെന്ന് MoPH വ്യക്തമാക്കി.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ അറിയിപ്പിൽ മാറ്റം വരുത്തിയതായും, ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും ജൂലൈ 13-ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ ഒഴിവാക്കി നൽകിയത്. എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മറ്റു സന്ദർശകർക്ക് Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ, മുൻകൂർ പ്രവേശനാനുമതി എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദർശകർ ട്രാവൽ പെർമിറ്റുകൾ ലഭിക്കുന്നതിനായി 12 മണിക്കൂർ മുൻപെങ്കിലും Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷൻ സർട്ടിഫികറ്റ്, PCR പരിശോധനാ ഫലം മുതലായ രേഖകളുടെ കോപ്പികൾ നൽകിക്കൊണ്ട് ഈ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഖത്തറിലെ പ്രവേശന കവാടങ്ങളിലെ ഫാസ്റ്റ്-ട്രാക്ക് സംവിധാനത്തിലൂടെ നേരിട്ട് എമിഗ്രേഷൻ ചെക്ക്പോയിന്റുകളിലേക്ക് പ്രവേശിക്കാവുന്നതാണ്.