ബഹ്‌റൈൻ: ഒക്ടോബർ 25 മുതൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും

Bahrain

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്താൻ തീരുമാനിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 25, ഞായറാഴ്ച മുതൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ നേതൃത്വം വഹിക്കുന്ന നാഷണൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. പ്രത്യേക പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

പൊതു വിദ്യാലയങ്ങളിലും, സ്വകാര്യ കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള പഠന സമ്പ്രദായം തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ഞായറാഴ്ച മുതൽ വിദ്യാലയങ്ങളിൽ എത്തുന്നത്. എല്ലാ ക്ലാസ്സുകളിലും ഈ തീരുമാനം ബാധകമാണ്.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് നടപ്പിലാക്കുന്നതായും നാഷണൽ ടാസ്‌ക്ഫോഴ്സ് വ്യക്തമാക്കി. ഇതിനായി ഓരോ വിദ്യാലയങ്ങളിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതലയുള്ള പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ മുതലായവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, സമൂഹ അകലം ഉറപ്പാക്കുന്നതിനും, അണുനശീകരണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ ഈ സംഘം നടപ്പിലാക്കുന്നതാണ്.