വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ ഖത്തർ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2025 ഓഗസ്റ്റ് 4-ന് പുറത്തിറക്കിയ ’11/2025′ എന്ന ഈ നിയമ ഭേദഗതി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തർ അമീർ HH. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഈ നിയമ ഭേദഗതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.
ഈ നിയമ ഭേദഗതി പ്രകാരം, അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നതും, പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. വ്യക്തികളുടെ അനുവാദം, അറിവ് എന്നിവ ഇല്ലാതെയും, അവരെ നിയമപരമായി അറിയിക്കാതെയും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഈ നിയമ ഭേദഗതിയുടെ പരിധിയിൽ വരുന്നതാണ്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ നിയമ ഭേദഗതി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

