2021 ജൂൺ 13, ഞായറാഴ്ച്ച മുതൽ, ലുസൈലിലും, അൽ വഖ്റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂൺ 13 മുതൽ ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 12 മണിവരെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 10-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് കണക്കിലെടുത്താണ് ലുസൈലിലും, അൽ വഖ്റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ കേന്ദ്രങ്ങൾ ദിനവും വൈകീട്ട് 4 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുമെന്നും, രാത്രി 11 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നിലവിൽ ഈ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നത്. ഇതുവരെ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേർ ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.